
രാജ്യത്തെ 10 കൊവിഡ് ഹോട്ട്സ്പോട്ടുകൾ ആരോഗ്യവിഭാഗം കണ്ടെത്തി. കേരളത്തിലെ രണ്ട് ജില്ലകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ നിസാമുദിൻ, ദിൽഷാദ് ഗാർഡൻ, ഉത്തർ പ്രദേശിലെ നോയിഡ, മീററ്റ്, രാജസ്ഥാനിലെ ഭിൽവാര, ഗുജറാത്തിലെ അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, കേരളത്തിലെ കാസർഗോഡ്, പത്തനംതിട്ട എന്നീ പ്രദേശങ്ങളാണ് രാജ്യത്തെ പത്ത് കൊവിഡ് ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1200 കടന്നിരിക്കുകയാണ്. 1,117 പേർ ചികിത്സയിൽ ഉള്ളതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 33 ആയി ഉയർന്നു.