
വാഷിങ്ടൻ: യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള പോളിങ്ങിന് അമേരിക്കയിൽ തുടക്കമാകുന്നു. ഇന്ത്യൻ സമയം 4.30 മുതലാണ് പോളിങ് ആരംഭിക്കും. പോളിങ് പൂർത്തിയായാലുടൻ വോട്ടെണ്ണൽ ആരംഭിക്കുകയും ആദ്യഫല സൂചനകൾ ലഭിച്ചുതുടങ്ങുകയും ചെയ്യും. എന്നാൽ, തപാൽ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ വൈകുമെന്നതിനാൽ അന്തിമഫലം വൈകുകയും ചെയ്യും.
ഡോണൾഡ് ട്രംപിനെക്കാൾ ജോ ബൈഡന് മുൻതൂക്കമുണ്ടെന്നാണ് ചില സർവേകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഫ്ലോറിഡയും പെൻസിൽവേനിയയും പോലെ നിർണായക സംസ്ഥാനങ്ങളിൽ നേരിയ വ്യത്യാസത്തിനാണെങ്കിലും വിജയം ഉറപ്പിക്കാനായാൽ ഇലക്ടറൽ വോട്ടിൽ ഭൂരിപക്ഷം നേടി ട്രംപിനു വീണ്ടും പ്രസിഡന്റാകാൻ കഴിഞ്ഞേക്കും. ട്രംപ് പരാജയപ്പെട്ടാൽ, 1992നു ശേഷം പ്രസിഡന്റായിരിക്കെ വീണ്ടും വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട് തോൽവി ഏറ്റുവാങ്ങുന്ന ആദ്യ പ്രസിഡന്റാകും. പ്രസിഡന്റായിരിക്കെ 1992ൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട ജോർജ് ബുഷ് സീനിയർ ഡമോക്രാറ്റ് സ്ഥാനാർഥി ബിൽ ക്ലിന്റനോട് പരാജയപ്പെട്ടിരുന്നു.