
തിരുവനന്തപുരം: ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റിനെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍. ബിനീഷിന്റെ ഭാര്യ റിനീറ്റയെ കാണാനെത്തിയ ബന്ധുക്കളെ കര്‍ണാടക പോലീസും സിആര്‍പിഎഫും തടഞ്ഞതിനാലാണ് പ്രതിഷേധം.
അതേസമയം, റിനീറ്റയും കുഞ്ഞും ഭക്ഷണം കഴിച്ചിട്ടില്ലെന്നും അവര്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയണമെന്നും ബിനീഷിന്റെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. റിനീറ്റയ്ക്ക് ആരെയും കാണാന്‍ താത്പര്യമില്ലെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ റിനീറ്റ അങ്ങനെ പറയില്ലെന്നും അവരെ കാണാതെ പോകില്ലെന്നുമുള്ള നിലപാടിലാണ് ബന്ധുക്കള്‍. റിനീറ്റയെ വീട്ടുതടങ്കലിലാക്കിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.നേരത്തെ ബിനീഷിന്റെ അഭിഭാഷകനെയും വീടിനുള്ളിലേക്ക് ഇഡി അനുവദിച്ചിരുന്നില്ല.
വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം മഹസറിൽ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യ റിനീറ്റ തയാറായില്ല. വീട്ടിൽ നിന്നും പരിശോധനയിൽ കണ്ടെടുത്തുവെന്ന് എൻഫോഴ്സ്മെന്റ് പറയുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഇഡി കൊണ്ടുവന്ന് വെച്ചതാണെന്ന് റിനീറ്റ പറയുന്നു. ഇതേ തുടർന്നാണ് മഹസറിൽ ഒപ്പിടാത്തത്.
ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന രാത്രി ഏഴുമണിയോടെ അവസാനിച്ചിരുന്നെങ്കിലും ബിനീഷിന്റെ കുടുംബം മഹസറിൽ ഒപ്പിടാൻ തയാറാകാത്തതിനെ തുടർന്നാണ് ഇഡി വീട്ടിൽ നിന്ന് മടങ്ങാൻ കൂട്ടാക്കാത്തത്.