
ഭാരതമൊട്ടാകെ ആഘോഷിക്കുന്ന ദീപോത്സവമാണ് ദീപാവലി . ആഘോഷത്തിനു പിന്നില്‍ പല കഥകളും പ്രചാരത്തിലുണ്ട്. അസുര വധത്താല് അത്യാഹ്ലാദം പൂണ്ട ദേവന്മാര് ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കി. ആ സ്മരണയുടെ ചുവടുപിടിച്ചാണ് ദീപാവലി ഭൂമിയിലും പ്രകാശപൂര്‍ണമായ ഒരാചാരമായി മാറിയത്.
മറ്റൊരൈതിഹ്യം ഭഗവാ൯ ശ്രീരാമചന്ദ്രന്റെ ദുഷ്ടനിഗ്രഹത്തിനെ ആധാരപ്പെടുത്തിയുള്ളതാണ്. രാവണ നിഗ്രഹത്തിനു ശേഷം അഗ്നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം ഭഗവാ൯ അയോദ്ധ്യയിലേയ്ക്ക് മടങ്ങിയത് തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു. പത്നി സമേതനായി തിരിച്ചെത്തിയ മഹാരാജാവിനെ അത്യാഘോഷ പൂര്‍വ്വമായാണ് അയോദ്ധ്യാവാസികള്‍ സ്വീകരിച്ചത്. ആ ഓര്‍മ്മ പുതുക്കലിലുടെ അത് ഭാരതത്തിലാകമാനമുള്ള ദേശീയോത്സവമായിത്തീര്ന്നു. ദുഷ്ട നിഗ്രഹത്തിലുടെ ഭൂമി പ്രകാശമാനമാക്കി എന്ന തത്വം. ആ പ്രകാശം ദീപോത്സവമാക്കി നമ്മള് ആഘോഷിക്കുന്നു.
ജൈനമതക്കാരുടെ ഇടയില്‍ ദീപാവലിയെക്കുറിച്ച് മറ്റൊരു കഥ കുടി പ്രചാരത്തിലുണ്ട്. ജൈനമത സ്ഥാപകനായ വര്‍ദ്ധമാനമഹാവീരനെ അറിവിന്റെ വെളിച്ചമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം നഷ്ട ശരീരനായിതീര്ന്നെങ്കിലും ജൈനമതക്കാര്‍ ഇപ്പോഴും ആ വെളിച്ചം ഉള്‍ക്കൊള്ളുന്നുണ്ട്. അതിന്റെ ഓര്‍മ്മ പുതുക്കലായിട്ടാണ് ജൈനമതക്കാര്‍ ദീപാവലി കൊണ്ടാടുന്നത്. പ്രകാശം തമോമയമായതെന്തും ഇല്ലാതാക്കും എന്ന തത്വത്തില്‍ അവര്‍ അടിയുറച്ച് വിശ്വസിക്കുന്നു.
ക്രൈം വാർത്തയുടെ എല്ലാ വായനക്കാർക്കും ദീപാവലി ആശംസകൾ.