
കൊച്ചി: തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്സണ്‍ ഓണക്കോടിക്കൊപ്പം പണം നല്കിയ വിഷയം അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. വിഷയം അന്വേഷിക്കാന്‍ ഡി.സി.സി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചെയര്‍പേഴ്സണ്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പതിനായിരം രൂപ വിതരണം ചെയ്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്തെത്തിയിരുന്നു. കൂടാതെ പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മന്ത്രി എ.കെ. ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയിൽ ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൻ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. എന്നാൽ പണം ആർക്കും നൽകിയിട്ടില്ലെന്ന നിലപാടിലാണ് ചെയർപേഴ്സൻ അജിത തങ്കപ്പൻ, തെളിവായി കൗൺസിലർമാർ പുറത്ത് വിട്ട വീഡിയോയിലുള്ളത് പരാതി കവറിൽ സ്വീകരിക്കുന്ന ദൃശ്യമാണെന്നും പറഞ്ഞിരുന്നു.