മഞ്ഞുമനുഷ്യന്‍ ‘യതി’യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ സേന

ഡൽഹി: നേപ്പാള്‍ അതിര്‍ത്തിയ്ക്കടുത്ത് മകാലു ബേസ്‌ക്യാംപിന് സമീപത്തായി മഞ്ഞുമനുഷ്യന്‍ ‘യതി’യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ സേന. സേനയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്  ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 9 നാണ് 32*15 ഇഞ്ച് അളവിലുള്ള കാല്‍പാടുകള്‍ സേനയുടെ പര്‍വത നിരീക്ഷക സംഘം കണ്ടതെന്ന് സേന അറിയിച്ചിരിക്കുന്നത്. ഒരു കാലിന്റെ മാത്രം പാടുകളാണ് സേന പുറത്ത് വിട്ട ചിത്രങ്ങളിലുള്ളത്.

പകുതി മനുഷ്യനും പകുതി മൃഗവുമായ യതി മഞ്ഞു മൂടിക്കിടക്കുന്ന പല മേഖലകളിലും ജീവിക്കുന്നു എന്നതാണ് ഇന്ത്യയിലെ പലയിടങ്ങളിലെയും വിശ്വാസം. ഇതാദ്യമായാണ് ഇന്ത്യന്‍ ആര്‍മി പര്‍വതാരോഹണ-നിരീക്ഷക സംഘം നിഗൂഢമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുന്നത്.  എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുണ്‍ നാഷണല്‍ പാര്‍ക്കിന് സമീപത്ത് കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്’.

എന്നാല്‍ ഇത് പുറത്തുവിട്ടതോടെ വലിയ തോതില്‍ ട്രോളുകളും വരുന്നുണ്ട് ട്വിറ്ററില്‍. പ്രധാനമായും ഉയരുന്ന ചോദ്യം യതി ഒറ്റക്കാലനാണോ എന്നതാണ്. മഞ്ഞില്‍ ഉപയോഗിക്കുന്ന സ്കെറ്റിംഗ് ഉപകരണത്തിന്‍റെ പാടാണ് ഇതെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന വാദം. സ്നോബോര്‍ഡിന്‍റെ ഉപയോഗമാണ് ഇത് കാണിക്കുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം.

Leave A Reply

Your email address will not be published.