ലൈംഗിക ബന്ധത്തിലൂടെ എയിഡ്സ് പടരുന്നത് തടയാനുള്ള മരുന്ന് കണ്ടെത്തി

എച്ച്ഐവി പടരുന്ന പ്രാധന കാരണമായ ലൈംഗിക ബന്ധത്തിലൂടെ വൈറസ് പടരുന്നത് തടയാന്‍ കഴിയുന്ന മരുന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യൂറോപ്പിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന്‍റെ ഭാഗമായാണ് കണ്ടുപിടിത്തം സാധ്യമായതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആന്‍റി റെട്രോവൈറല്‍ മരുന്ന് ഉപയോഗിച്ചാല്‍ ലൈംഗിക ബന്ധത്തിലൂടെ മറ്റൊരാളിലേക്ക് എയിഡ്സ് പകരുന്നത് തടയാന്‍ സാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.  എച്ച്ഐവി പോസറ്റീവ് ആയ ഒരാളുമായി കോണ്ടം പോലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും രോഗം പടരില്ല. മരുന്ന് അംഗീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ നിലവില്‍ എച്ച്ഐവി ഉള്ളവരില്‍ രോഗത്തെ പിടിച്ചുകെട്ടാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നത്.

ആയിരം സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരെയാണ് പഠനത്തിന് തെരഞ്ഞെടുത്തത്. എച്ച്ഐവി ബാധിതനായ ഒരാളും രോഗബാധയില്ലാത്ത ഒരു പങ്കാളിയും എന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. എച്ച്ഐവി ബാധിതര്‍ക്ക് മരുന്നും ചികിത്സയും നല്‍കിയിരുന്നു. ഇവര്‍  കോണ്ടം ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും ഒരാള്‍ക്ക് പോലും എച്ച്ഐവി ബാധിച്ചില്ലെന്ന് കണ്ടെത്തി.

ആദ്യഘട്ടത്തില്‍ പരിശോധനയില്‍ എച്ച്ഐവി കണ്ടെത്താന്‍ സാധിക്കില്ലെന്നതിനാല്‍ പ്രതിരോധ മാര്‍ഗമെന്ന രീതിയില്‍ മരുന്ന് ഉപയോഗിക്കാമെന്നും അതിലൂടെ എയിഡ്സ് പടരുന്നത് തടയാമെന്നുമാണ് ഡോക്ടര്‍മാര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം.

Leave A Reply

Your email address will not be published.