വാഗണ്‍ആറില്‍ മാരുതിയുടെ പുതിയ സെവന്‍ സീറ്റര്‍

എര്‍ട്ടിഗ മാത്രമാണ് ഏഴ് സീറ്റര്‍ ശ്രേണിയില്‍ മാരുതിയുടെ പ്രതിനിധി. ഈ ഗണത്തിലേക്ക് മാരുതിയുടെ എക്കാലത്തെയും ജനപ്രീയ വാഹനമായ വാഗണ്‍ആറിന്റെ ഏഴ് സീറ്റര്‍ പതിപ്പ് കൂടിയെത്തിക്കാനൊരുങ്ങുകയാണ് മാരുതി. അടുത്തിടെ പുറത്തിറങ്ങിയ പുതുതലമുറ വാഗണ്‍ആര്‍ ആണ് ഏഴ് സീറ്റിലേക്ക് വളരുന്നത്.

 

വാഗണ്‍ആറിന്റെ ഏഴ് സീറ്റ് പതിപ്പ് പുറത്തിറക്കില്ലെന്ന് മുമ്പ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ലോങ്ങര്‍ വീല്‍ബേസില്‍ മൂന്ന് നിര സീറ്റുമായി വാഗണ്‍ആര്‍ ഒരുങ്ങുന്നുണ്ടെന്ന് ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഇന്ത്യ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 

പുതുതലമുറ എര്‍ട്ടിഗ പോലെ മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയായിരിക്കും ഈ വാഹനം നിരത്തിലെത്തുകയെന്നാണ് സൂചനകള്‍. ഈ വര്‍ഷം തന്നെ ഈ മോഡല്‍ എത്തുമെങ്കിലും കൃത്യമായ സമയം മാരുതി വെളിപ്പെടുത്തിയിട്ടില്ല.

 

അടുത്തിടെയെത്തിയ വാഗണ്‍ആറിന്റെ ഡിസൈനായിരിക്കും ഏഴ് സീറ്റര്‍ മോഡലിലും നല്‍കുക. അതേസമയം, ഈ വാഹനത്തിന്റെ പേര് സോളിയോ എന്നായിരിക്കുമെന്നും സൂചനകളുണ്ട്. സുസുക്കി വിദേശ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള മോഡലാണ് സോളിയോ.

 

വാഗണ്‍ആറിന്റെ ടോപ്പ് വേരിയന്റില്‍ നല്‍കിയിട്ടുള്ള 1.2 പെട്രോള്‍ എന്‍ജിനായിരിക്കും ഈ മോഡലിനും കരുത്തേകുക. ഇത് 82 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളും ഇതിലുണ്ട്. ഇന്ത്യന്‍ നിരത്തില്‍ ഡാറ്റ്‌സണ്‍ ഗോ പ്ലസ്, റെനോയില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന ട്രൈബര്‍ എന്നീ വാഹനങ്ങളോടായിരിക്കും ഏഴ് സീറ്റര്‍ വാഗണ്‍ആറിന് ഏറ്റുമുട്ടേണ്ടി വരിക.

Leave A Reply

Your email address will not be published.