0 Comments

ഏഷ്യാ മേഖലാതല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർ.സി.ഇ.പി) തത്കാലം ഇന്ത്യ ഒപ്പു വയ്ക്കില്ല. ബാങ്കോക്കിൽ കഴിഞ്ഞദിവസം നടന്ന ആർ.സി.ഇ.പി ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്. കർഷകർ,​ വ്യാപാരികൾ,​ തൊഴിലാളികൾ,​ ഉപഭോക്താക്കൾ തുടങ്ങി ഇന്ത്യൻ ജനതയുടെ താത്പര്യങ്ങളെ സംബന്ധിച്ച് അനുകൂലമായ മറുപടിയല്ല ജനങ്ങളിൽ നിന്ന് ലഭിച്ചതെന്നും കരാറിൽ ഒപ്പിടാൻ തന്റെ മന:സാക്ഷി അനുവദിക്കുന്നില്ലെന്നുമാണ് നരേന്ദ്രമോദി ഉച്ചകോടിയെ അറിയിച്ചത്. ഇന്ത്യ ഒപ്പിടാത്ത സാഹചര്യത്തിൽ ആർ.സി.ഇ.പിയിൽ അംഗങ്ങളായ ചൈനയുൾപ്പടെയുള്ള മറ്റ് 15 രാജ്യങ്ങൾ സ്വതന്ത്ര വ്യാപാര കരാറുമായി മുന്നോട്ടുപോകും. അടുത്ത വർഷം കരാർ ഒപ്പിടാൻ തത്വത്തിൽ ധാരണയായെന്നും, സ്വയം തയ്യാറാകുമ്പോൾ ഇന്ത്യയ്ക്കും ഭാഗമാകാമെന്നും ചൈനീസ് വാണിജ്യമന്ത്രി പ്രതികരിച്ചു. അത്പോലെ​ 2020 ഫെബ്രുവരിയിലെ വിയറ്റ്നാം ഉച്ചകോടിക്ക് മുമ്പ് കൃത്യമായ പഠനങ്ങളും ചർച്ചകളും നടത്തി ഇന്ത്യ,​ തങ്ങൾക്കനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *