0 Comments

പുഴുവരിച്ച രോഗിക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. മനോരമന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിഎംഇക്കാണ് ചുമതല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ കോവിഡ് പോസിറ്റീവായ വ്യക്തി തിരികെ വീട്ടിലെത്തിയപ്പോൾ ദേഹമാസകലം പുഴുവരിച്ച നിലയില്‍ ആണെന്ന വാർത്ത തിങ്കളാഴ്ച രാവിലെയാണ് പുറത്തുവന്നത്. വീണു പരുക്കേറ്റ് ചികിത്സ തേടിയ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനാണ് ദുരവസ്ഥ നേരിടേണ്ടിവന്നത്. കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഞായറാഴ്ച മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടുവന്ന അനില്‍കുമാറിന്റെ ദേഹത്തു പുഴുക്കള്‍ നുരയ്ക്കുന്നുണ്ടായിരുന്നു. അസഹ്യമായ ദുര്‍ഗന്ധത്തിന്റെ ഉറവിടം തേടിയപ്പോള്‍ മേലാസകലം മുറിവുകള്‍. കഴുത്തിലിട്ടിരുന്ന കോളര്‍ ഉരഞ്ഞ് തലപൊട്ടി ആ മുറിവിലും പുഴുക്കള്‍. ഒാഗസ്റ്റ് 21ന് കൂലിപ്പണി കഴിഞ്ഞ് മടങ്ങിവരുംവഴി തെന്നിവീണാണ് അനില്‍കുമാറിന് പരുക്കേൽക്കുന്നത്. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച അനില്‍കുമാറിനെ 22ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ഐസിയുവിലേയ്ക്ക് മാറ്റി.

ശരീരത്തിന് തളര്‍ച്ച ബാധിച്ചിരുന്നു. ഐസിയുവില്‍ ചിലര്‍ക്ക് പോസിറ്റീവായതിനേത്തുടര്‍ന്ന് 26ന് കോവിഡ് പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ്. ചികില്‍സയിലിരിക്കെ ഈ മാസം 6ന് കോവിഡ് സ്ഥിരീകരിച്ചു. കൂട്ടിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. കോവിഡ് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛനേക്കുറിച്ച് മക്കള്‍ അന്വേഷിച്ചപ്പോഴൊക്കെ സുഖമായിരിക്കുന്നുവെന്നായിരുന്നു മറുപടി.

26ന് അനില്‍കുമാറിന് കോവിഡ് നെഗറ്റീവായെന്നും വീട്ടിലേക്ക് തിരികെ കൊണ്ടുപോകാനും നിര്‍ദേശിച്ചു. വീട്ടിലെത്തിച്ചപ്പോള്‍ കണ്ടത് ഒരുമാസത്തെ ചികിത്സയില്‍ എല്ലും തോലുമായ ഒരു ശരീരവും. കോവിഡ് വാര്‍ഡിലേയ്ക്ക് കയറ്റുമ്പോള്‍ വരെ ആരോഗദൃഢഗാത്രനായിരുന്ന ഒരാളെ ഈ അവസ്ഥയില്‍ കാണുമ്പോള്‍ ഭക്ഷണമെങ്കിലും കൊടുത്തിരുന്നോ എന്ന സംശയവും കുടുംബം പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!