0 Comments

ന്യൂഡൽഹി: കോവാക്സിൻ ഒരു ഡോസ് കൂടി കുത്തി വെച്ചാൽ എന്താകും ഫലം? ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവിഡ് 19 പ്രതിരോധ വാക്സിനായ കൊവാക്സിൻ്റെ മൂന്നാം ഡോസ് ക്ലിനിക്കൽ പരീക്ഷണം നടത്താൻ കേന്ദ്ര വിദഗ്ധ സമിതിയുടെ അംഗീകാരം. നലവിൽ നല്‍കുന്ന രണ്ട് ഡോസുകള്‍ക്കു പുറമെ മൂന്നാമതൊരു ഡോസ് കൂടി വാക്സിൻ നല്‍കിയാൽ കൊവിഡ് 19നെതിരെ കൂടുതൽ സുരക്ഷ ലഭിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഇക്കാര്യം സ്ഥിരീകരിക്കാനായാണ് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്.

ബൂസ്റ്റർ ഡോസ് ആയാണ് മൂന്നാം ഘട്ടം നൽകുക. രണ്ടാമത്തെ ഡോസ് വാക്സിൻ നല്‍കി ആറു മാസത്തിനു ശേഷമായിരിക്കും ഈ ബൂസ്റ്റര്‍ ഡോസ് നല്‍കുക. മൂന്നാം ഡോസിൽ ആറ് എംസിജി വാക്സിൻ മാത്രമേ കുത്തിവെക്കാവൂ എന്നും ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയരായ വോളണ്ടിയര്‍മാരെ ആറു മാസം വരെ നിരീക്ഷിക്കണമെന്നും വിഷയ വിദഗ്ധര്‍ വാക്സിൻ കമ്പനിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പനി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ച ഡിജിസിഐ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് പരീക്ഷണത്തിന് അനുമതി നല്‍കിയത്.

28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് കൊവാക്സിൻ നല്‍കുന്നത്. ഇത്തരത്തിൽ സ്വീകരിക്കുന്ന രണ്ടാമത്തെ ഡോസ് വാക്സിനു ശേഷം ആറു മാസം പിന്നിടുമ്പോഴായിരിക്കും മൂന്നാമത്തെ ഡോസ് നല്‍കുക. നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എന്നാൽ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ആദ്യഘട്ട നിരീക്ഷണങ്ങളിൽ വാക്സിന് കൊവിഡ് 19നെതിരെ 81 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും ഐസിഎംആറിൻ്റെയും സഹായത്തോടെയാണ് ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് കൊവാക്സിൻ ഉത്പാദിപ്പിച്ചത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ആദ്യ തദ്ദേശീയ വാക്സിനാണ് കോവാക്സിൻ

Author

chinjumeenu2016@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!