ബാഗ്ദാദ്: ഇറാക്കിലെ യു.എസ് സൈനിക ക്യാംപിന് നേരെ വീണ്ടും മിസൈലാക്രമണം.ബാഗ്ദാദിന് വടക്കുള്ള താജി വ്യോമത്താവളത്തിന് നേരെ ചൊവ്വാഴ്ചയാണ് റോക്കറ്റ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇറാക്ക് അറിയിച്ചു.
താജി ബേസിൽ നടന്നത് ചെറിയ റോക്കറ്റ് ആക്രമണമാണെന്നും, സഖ്യസൈന്യത്തെ ആക്രമണം ബാധിച്ചിട്ടില്ലെന്നും സഖ്യസേന വക്താവ് കേണൽ മൈൽസ് കാഗിൻസ് മൂന്നാമൻ ട്വീറ്റ് ചെയ്തു. ഇറാക്ക് സെനികർ ഉൾപ്പെടെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന യു.എസ് നേതൃത്വത്തിലുള്ള സഖ്യസേനയായിരുന്നു ക്യാംപിൽ ഉണ്ടായിരുന്നത്.
ബാഗ്ദാദിൽ നിന്ന് 80 കിലോമീറ്റർ വടക്ക് യു.എസ് ഉദ്യോഗസ്ഥർ താമസിക്കുന്ന ബാലാദ് എയർബേസിൽ നേരേ ഞായറാഴ്ച റോക്കറ്റ് ആക്രമണം നടന്നിരുന്നു.