
ബീജിംഗ്: കോവിഡിനെ ഇനിയും വരുതിയാക്കാന്‍ കഴിയാതെ വൈറസിനെതിരെ പടപൊരുതിക്കൊണ്ടിരിക്കുമ്പോള്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി മറ്റൊരു വൈറസ്. കൊറോണ വൈറസിന്റെ ഉത്ഭവസ്ഥാനമെന്ന് കരുതുന്ന ചൈനയില്‍ നിന്നുമാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. പുതിയൊരിനം പന്നിപ്പനി വൈറസിനെയാണ് തിരിച്ചറിഞ്ഞതെന്ന് ചൈനീസ് ഗവേഷകര്‍ അറിയിച്ചു. മുന്‍കരുതല്‍ ഇല്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടര്‍ന്നേക്കാമെന്നും മുന്നറിയിപ്പ് ഗവേഷകര്‍ മുന്നറിയിപ്പ് നല്കി.
2009 ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒരു വാക്സിനും ഈ രോഗാണുവിനെതിരെ സംരക്ഷണം നല്‍കില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. കൊവിഡ് 19 ലോകമാകെ പടര്‍ന്ന് പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് മറ്റൊരു വൈറസിന്റെയും സാന്നിധ്യം സ്ഥിരീകരിച്ചത്.
ജി 4 എന്നാണ് പുതിയ വൈറസിന് നല്‍കിയിരിക്കുന്ന പേര്. എച്ച് വണ്‍ എന്‍ വണ്‍ വംശത്തില്‍പ്പെട്ടതാണ് ജി 4 വൈറസ് എന്നാണ് അമേരിക്കന്‍ സയന്‍സ് ജേര്‍ണലായ പിഎന്‍എഎസ്(PNAS) പറയുന്നത്. 2011-2018 കാലഘട്ടത്തിനിടയില്‍ ചൈനയില്‍ നിന്ന് 30000 പന്നികളുടെ സ്രവം പരിശോധനയ്ക്ക് ശേഖരിച്ചിരുന്നു. ഇതില്‍ നിന്ന് പന്നിപ്പനി പടര്‍ത്തുന്ന 179 വൈറസിനെ വേര്‍തിരിച്ചെടുത്തു. 2016 മുതല്‍ വ്യാപകമായ തോതില്‍ പന്നികളില്‍ ഈ വൈറസിനെ കണ്ടുവരുന്നതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.